Tuesday, May 15, 2012

കോടിയേരി വക്കീല്‍ നോട്ടീസയച്ചു


അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മലയാളമനോരമ, മാതൃഭൂമി പത്രങ്ങള്‍ക്കെതിരെ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ വക്കീല്‍ നോട്ടീസയച്ചു. ഫസല്‍വധവുമായി ബന്ധപ്പെട്ട് പത്രങ്ങള്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ച് മാനഹാനിയുണ്ടാക്കിയെന്നും വാര്‍ത്ത തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കാണിച്ച് അഡ്വ. കെ വിശ്വന്‍ മുഖേനയാണ് നോട്ടീസയച്ചത്. മനോരമ മെയ് 14ന് പത്താംപേജില്‍ "ശിക്ഷകിട്ടിയത് രക്ഷകന്" എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ "പരിശീലനം കിട്ടിയ ആര്‍എസ്എസ്സുകാരാണ് കൃത്യംചെയ്തതെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അതേദിവസം പരസ്യമായി പ്രഖ്യാപിച്ചു" എന്നാണ് എഴുതിയത്. ഈ പ്രസ്താവനയെ തുടര്‍ന്ന് പ്രദേശം സംഘര്‍ഷത്തിലേക്ക് നീങ്ങിയെന്ന പരാമര്‍ശവുമുണ്ടായി. ഇത്തരമൊരു പരാമര്‍ശം കോടിയേരി ബാലകൃഷ്ണന്‍ നടത്തിയിട്ടില്ല. 2006 ഒക്ടോബര്‍ 23ന് മനോരമയില്‍ വന്ന "സമാധാന ആഹ്വാനവുമായി സര്‍വകക്ഷിയോഗം" എന്ന വാര്‍ത്തക്ക് വിരുദ്ധമാണിതെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. സമാന പരാമര്‍ശത്തോടെയുള്ള വാര്‍ത്ത മാതൃഭൂമി പത്രം മെയ് 12നും 13നും പ്രസിദ്ധീകരിച്ചു. വസ്തുതാവിരുദ്ധമായ വാര്‍ത്ത സൃഷ്ടിച്ച് അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് പത്രങ്ങള്‍ നടത്തിയത്. നിറംപിടിപ്പിച്ച നുണകള്‍ പ്രചരിപ്പിക്കുന്നത് പത്രധര്‍മമല്ല. നിരുത്തരവാദപരവും അപലപനീയവുമാണിത്. മാനഹാനിയുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് വാര്‍ത്ത സൃഷ്ടിച്ചത്. നിയമവിരുദ്ധവും മാധ്യമ മര്യാദക്ക് നിരക്കാത്തതുമായ നുണ വാര്‍ത്ത ഉടന്‍ തിരുത്തണമെന്ന് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രന്‍, പത്രാധിപര്‍ കെ കേശവമേനോന്‍, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ പി വി ഗംഗാധരന്‍, കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കും മലയാളമനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍മാത്യു, പ്രിന്റര്‍ ആന്‍ഡ്് പബ്ലിഷര്‍ എന്നിവര്‍ക്കുമാണ് നോട്ടീസയച്ചത്. 
Source :Deshabhimani

പെട്രോളിന് 8 രൂപ കൂട്ടുന്നു

രാജ്യത്ത് അനുഭവപ്പെടുന്ന രൂക്ഷമായ വിലക്കയറ്റത്തിന് ആക്കംകൂട്ടുംവിധം പെട്രോള്‍വില വീണ്ടും വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം കഴിയുന്നതോടെ പെട്രോള്‍ വില കുത്തനെ കൂട്ടാനാണ് കേന്ദ്രസര്‍ക്കാരിന്റെയും പൊതുമേഖലാ എണ്ണക്കമ്പനികളുടെയും നീക്കം. പെട്രോള്‍ വില ഉടന്‍ ലിറ്ററിന് എട്ടുരൂപ കൂട്ടണമെന്നാണ് എണ്ണക്കമ്പനികള്‍ ആവശ്യപ്പെടുന്നത്. നികുതിയുള്‍പ്പെടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയില്‍ ഒന്‍പത് രൂപയിലേറെ വര്‍ധനയുണ്ടാകും.

മെയ് 22നാണ് ബജറ്റ് സമ്മേളനം അവസാനിക്കുക. മെയ് അവസാനത്തോടെ പെട്രോള്‍ വില കൂട്ടുമെന്നാണ് എണ്ണക്കമ്പനി മേധാവികള്‍ പറയുന്നത്. ഇതിനിടെ, ഏപ്രിലില്‍ രാജ്യത്തെ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്നു. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 7.23 ശതമാനമായാണ് വര്‍ധിച്ചത്. ഇതോടെ റിസര്‍വ് ബാങ്ക് അടിസ്ഥാനിരക്ക് ഇനിയും കുറയ്ക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. വിദേശനാണയ വിപണിയില്‍ ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം കൂടുതല്‍ ഇടിഞ്ഞു. ഒരു ഡോളറിന് 53.97 രൂപ എന്ന നിരക്കിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിലെ 54.30 ആണ് രൂപയുടെ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വിനിമയനിരക്ക്. പെട്രോള്‍ ഇറക്കുമതിവിലയേക്കാള്‍ ഏഴുരൂപ കുറച്ചാണ് വില്‍ക്കുന്നതെന്ന് അവകാശപ്പെട്ടാണ് എണ്ണക്കമ്പനികള്‍ വിലവര്‍ധന ആവശ്യപ്പെടുന്നത്. കഴിഞ്ഞ അഞ്ചുമാസമായി പെട്രോള്‍ വില വര്‍ധിപ്പിക്കാത്തതിലൂടെ സംഭവിച്ച വരുമാനഷ്ടം നികത്താന്‍ ലിറ്ററിന് ഒരുരൂപയുടെ അധിക വര്‍ധന കൂടി വേണമെന്നും എണ്ണക്കമ്പനികള്‍ പറയുന്നു. പിന്നീട് ഓരോ രണ്ടാഴ്ചയും വിപണിവിലയ്ക്ക് അനുസൃതമായി വില്‍പ്പനവില മാറ്റുകയും വേണം. ബജറ്റ് സമ്മേളനത്തിനു ശേഷം ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില കൂട്ടണമെന്ന ആവശ്യവും എണ്ണക്കമ്പനികള്‍ക്കുണ്ട്. ഡീസല്‍ വില്‍പ്പനയില്‍ ലിറ്ററിന് 13.91 രൂപയും മണ്ണെണ്ണയ്ക്ക് 31.49 രൂപയും പാചകവാതകം സിലിണ്ടറിന് 480.50 രൂപയും വരുമാനഷ്ടം വരുന്നുണ്ടെന്ന് കമ്പനികള്‍ പറയുന്നുന്നു. പെട്രോള്‍ ഒഴികെയുള്ള ഇന്ധനങ്ങളുടെ വിലനിയന്ത്രണാധികാരം ഇപ്പോഴും സര്‍ക്കാരിനാണ്്. ബജറ്റ് സമ്മേളനത്തിനുശേഷം ഈ മൂന്ന് ഇന്ധനത്തിന്റെയും വിലവര്‍ധന ചര്‍ച്ച ചെയ്യാന്‍ മന്ത്രിതല സമിതി വിളിച്ചുകൂട്ടാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം. കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി വില വര്‍ധിപ്പിച്ചത്.


2010 ജൂണില്‍ പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞശേഷം 15 തവണയോളം വില കൂട്ടി. ലിറ്ററിന് 20 രൂപയിലേറെയാണ് രണ്ടുവര്‍ഷം കൊണ്ട് വര്‍ധിപ്പിച്ചത്. നികുതിനിരക്കില്‍ കുറവുവരുത്തി വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല. കമ്പനികളുടെ ആവശ്യം ന്യായമാണെന്നും വിലവര്‍ധന പരിഗണനയിലാണെന്നും പെട്രോളിയം മന്ത്രി ജയ്പാല്‍റെഡ്ഡി കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. വിലവര്‍ധന അനിവാര്യമാണെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കി. എന്നാല്‍, അഞ്ചുസംസ്ഥാനത്തെ തെരഞ്ഞെടുപ്പും പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉയരാന്‍ സാധ്യതയുള്ള പ്രതിഷേധവും സര്‍ക്കാരിന് ഇക്കാര്യത്തില്‍ തടസ്സമായി. ഇന്ധനവില വര്‍ധിക്കുന്നതോടെ ഇപ്പോള്‍ തന്നെ ഉയര്‍ന്നുനില്‍ക്കുന്ന പണപ്പെരുപ്പം കൂടുതല്‍ തീക്ഷ്ണമാകും. അവശ്യവസ്തുക്കളുടെ വില കുതിച്ചുയരും. യാത്ര- ചരക്കുനിരക്കുകളും ഗണ്യമായി കൂടും. ഏപ്രിലില്‍ പണപ്പെരുപ്പം 6.67 ശതമാനമായിരിക്കുമെന്നായിരുന്നു വിവിധ ഏജന്‍സികള്‍ നടത്തിയ പ്രവചനമെങ്കിലും അതിലും ഉയരത്തില്‍ പണപ്പെരുപ്പം നിലകൊള്ളുന്നത് സമ്പദ്വ്യവസ്ഥയില്‍ ആശങ്കയുടെ നിഴല്‍പരത്തുകയാണ്. മൊത്തവില സൂചികയിലെ 65 ശതമാനവും കൈയാളുന്ന നിര്‍മിത ഉല്‍പ്പന്നങ്ങളുടെ വിലസൂചിക അവലോകന കാലയളവില്‍ 5.12 ശതമാനം വര്‍ധിച്ചിട്ടുണ്ട്. പ്രാഥമിക ഉല്‍പ്പന്നങ്ങളുടെ വില 9.71 ശതമാനവും ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില 10.49 ശതമാനവും വര്‍ധിച്ചിട്ടുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ധനവില സൂചികയാകട്ടെ 10.41 ശതമാനത്തില്‍നിന്ന് 11.03 ശതമാനമായി ഉയര്‍ന്നു.

Source :Deshabhimani