Friday, September 30, 2011

എന്‍ഡോസള്‍ഫാന് സമ്പൂര്‍ണ്ണനിരോധനം


ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനവും ഉപയോഗവും രാജ്യത്ത് സമ്പൂര്‍ണ്ണമായി നിരോധിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെയാണ ്അന്തിമ ഉത്തരവ്. കാസര്‍ഗോഡ് ജില്ലയിലെയടക്കം ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്്. ഇപ്പോള്‍ നിര്‍മ്മിച്ച് കമ്പനികളില്‍ കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ ഉല്‍പന്നങ്ങള്‍ മറ്റുരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് സുപ്രീം കോടതി താല്‍ക്കാലികമായി അനുമതി നല്‍കിയിട്ടുണ്ട്. നിര്‍മ്മിച്ചു സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി കയറ്റുമതി ചെയ്തതിനുശേഷം രാജ്യത്ത് ഈ കീടനാശിനിയുടെ നിര്‍മ്മാണവും വിതരണവും പാടില്ല. കമ്പനികളുടെ. ഇപ്പോഴുള്ള 1990.596 മെട്രിക് ടണ്‍ ശേഖരമാണ് കയറ്റുമതി ചെയ്യാന്‍ അനുവാദം കൊടുത്തത്.രാജ്യത്തൊരിടത്തും മലിനീകരണപ്രശ്നമുണ്ടാവാത്ത തരത്തില്‍ വേണം കയറ്റുമതിയെന്നും കോടതി വ്യവസ്ഥ ചെയ്തു. സര്‍ക്കാരും മറ്റു ഏജന്‍സികളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. കഴിഞ്ഞ മെയ് 13ന് ഇക്കാര്യത്തില്‍ താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കയറ്റുമതിയും തടയണമെന്ന് ഡിവൈഎഫ്ഐ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.മറ്റു രൂപത്തില്‍ എന്‍ഡോസള്‍ഫാന്‍ മടങ്ങിയെത്താതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നും ഉത്തരവിലുണ്ട്.മാരകകീടനാശിനിയുടെ കെടുതികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്വമാണെന്ന് എസ്എച്ച് കപാഡിയ,സ്വതന്ത്രകുമാര്‍ ,കെഎസ് രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇതോടെ വര്‍ഷങ്ങളായി എന്‍ഡോസള്‍ഫാന്‍ ബാധിച്ച് ദുരിതത്തില്‍ കഴിഞ്ഞ കാസര്‍ഗോട്ടെയും മറ്റും ജനങ്ങള്‍ക്കും പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കും ആശ്വാസകരമാണ് കോടതിവിധി

Wednesday, September 21, 2011

കല്‍പ്പറ്റയില്‍ അഴിഞ്ഞു വീണത് പണിയരുടെ മാനം

കല്‍പ്പറ്റ: സിവില്‍സ്റ്റേഷന്‍ വളപ്പിലേക്ക് കറുത്ത കച്ചകെട്ടി വന്നുവെന്ന കുറ്റം മാത്രമാണ് ഈ പണിയ സ്ത്രീകള്‍ ചെയ്തത്. പട്ടയത്തിനു പകരം പൊലീസ് തങ്ങളുടെ ഉടുതുണി അഴിക്കുമെന്ന് അവര്‍ സ്വപ്നത്തിലും കരുതിയിരുന്നില്ല. കഴിഞ്ഞ 16ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വയനാട്ടുകാരിയായ ആദിവാസി ക്ഷേമ മന്ത്രി പി കെ ജയലക്ഷ്മിയും പങ്കെടുത്ത ചടങ്ങിനെത്തിയ പണിയ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കായിരുന്നു ഈ ദുരനുഭവം. ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്കൊപ്പമാണ് അവര്‍ മുഖ്യമന്ത്രിയുടെ പട്ടയമേളക്കെത്തിയത്. നിരന്നുനില്‍ക്കുന്ന കാക്കിപ്പടയ്ക്കിടയിലൂടെ കടന്നപ്പോള്‍തന്നെ ആദിവാസി സ്ത്രീകളുടെ നെഞ്ചിടിപ്പ് വര്‍ധിച്ചിരുന്നു. അപ്പോഴാണ് പൊലീസുകാര്‍ അരയില്‍ തപ്പാന്‍ തുടങ്ങിയത്. തങ്ങള്‍ അരയില്‍ കെട്ടുന്ന പരമ്പരാഗത വേഷം കറുത്തതായിപ്പോയതാണ് പണിയ സ്ത്രീകള്‍ക്ക് വസ്ത്രം നഷ്ടപ്പെടുത്തിയത്. ഉറുമാല്‍ എന്ന കച്ചയഴിച്ചെടുക്കാന്‍ പുരുഷ പൊലീസുകാരും ഉണ്ടായിരുന്നതായി സ്ത്രീകള്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കാണിക്കാനുള്ള കറുത്ത കൊടിയാണെന്ന് പറഞ്ഞാണ് പൊലീസുകാര്‍ തുണിയഴിച്ചത്. എന്തിന് തങ്ങളെ അപമാനിക്കുന്നുവെന്ന ചോദ്യത്തിന് പൊലീസുകാര്‍ മറുപടി നല്‍കിയതുമില്ല. ആള്‍ക്കൂട്ടത്തില്‍ അപമാനിതരായ സ്ത്രീകള്‍ ഉടുമുണ്ട് അഴിഞ്ഞുപോകുമെന്ന ഭീതിയില്‍ പട്ടയം വാങ്ങാന്‍ പോയില്ല.


Source : deshabhimani

വീണ്ടും പൊലീസ് ഭീകരത


തിരു/കോഴിക്കോട്: പൊലീസിനെ കയറൂരി വിടുന്ന സംസ്ഥാനസര്‍ക്കാരിന്റെ പൊലീസ് നയത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെ ചൊവ്വാഴ്ച തിരുവനന്തപുരത്തും കോഴിക്കോട്ടും ഭീകര പൊലീസ് തേര്‍വാഴ്ച. പൊലീസ് മര്‍ദനത്തിനെതിരെ എസ്എഫ്ഐ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് ചെയ്ത വിദ്യാര്‍ഥികളെയും റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയുമാണ് ക്രൂരമായി തല്ലിച്ചതച്ചത്.


തലസ്ഥാനത്ത് ലത്തിച്ചാര്‍ജിലും ജലപീരങ്കി പ്രയോഗത്തിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജു, സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ സിന്‍ഡിക്കറ്റ് അംഗവുമായ ഷിജുഖാന്‍ , സംസ്കൃത കോളേജ് യൂണിറ്റ് പ്രസിഡന്റ് പ്രേംദാസ്, ജില്ലാകമ്മിറ്റി അംഗം അമൃത തുടങ്ങി നിരവധി പേര്‍ക്ക് പരിക്കേറ്റു. ജലപീരങ്കി പ്രയോഗത്തെതുടര്‍ന്ന് ചിതറി ഓടിയ വിദ്യാര്‍ഥികളെ പിന്തുടര്‍ന്നാണ് സായുധ പൊലീസ് സംഘം വേട്ടയാടിയത്. യൂണിവേഴ്സിറ്റി കോളേജിലേക്ക് ശത്രുതാവളത്തിലേക്ക് എന്നപോലെ 18 തവണ കണ്ണീര്‍വാതകഷെല്‍ വര്‍ഷിച്ചു. ഒരു ഗ്രനേഡും പൊട്ടിച്ചു. യൂണിവേഴ്സിറ്റി കോളേജില്‍ ആകെ കുഴപ്പമെന്ന പ്രതീതി സൃഷ്ടിച്ച് ഭീകര താവളത്തിലേക്കെന്നപോലെയായിരുന്നു പൊലീസ് അഴിഞ്ഞാട്ടം. കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കേളേജിലും മറ്റും പൊലീസ് നടത്തിയ ക്രൂരമായ വിദ്യാര്‍ഥിവേട്ടയില്‍ പ്രതിഷേധിക്കാനായിരുന്നു മാര്‍ച്ച്. ജലപീരങ്കിയില്‍ ചെവിയടിച്ച് ബാരിക്കേഡിലേക്ക് തെറിച്ചു വീണ് ബോധം മറഞ്ഞ ഷിജുഖാനെ പൊലീസ് അവിടെയിട്ടും തല്ലി. പൊലീസിന്റെ ലാത്തിയടിയേറ്റ് പി ബിജുവും വീണു. വിദ്യാര്‍ഥിനികളും മറ്റ് നേതാക്കളുമെത്തിയാണ് ഇവര്‍ക്ക് സുരക്ഷാകവചം തീര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ ഷിജുഖാനെയും പ്രേംദാസിനെയും ഉടനെ ഗവ. ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചെവിക്ക് ഗുരുതരമായി പരിക്കേറ്റ ഷിജുഖാനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോഴിക്കോട്ട് ഒരു പ്രകോപനവുമില്ലാതെയാണ് യുവാക്കള്‍ക്കെതിരെ ഗ്രനേഡും കണ്ണീര്‍വാതകഷെല്ലും ജലപീരങ്കിയും പ്രയോഗിച്ചത്. ലാത്തിച്ചാര്‍ജില്‍ യുവതിയടക്കം നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും വഴിയാത്രക്കാര്‍ക്കും ഏഴു മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കല്ലേറില്‍ നാലു പൊലീസുകാര്‍ക്കും പരിക്കുണ്ട്.

വീക്ഷണം ഫോട്ടോഗ്രാഫറുടെ ക്യാമറ പൊലീസ് തല്ലിത്തകര്‍ത്തു. പകല്‍ പന്ത്രണ്ടോടെ ആരംഭിച്ച പൊലീസ് വേട്ട മണിക്കൂറുകളോളം നീണ്ടുനിന്നു. പ്രവര്‍ത്തകരെ ഓടിച്ചിട്ട് തലങ്ങും വിലങ്ങും തല്ലിച്ചതച്ചു. ഗുരുതരമായി പരിക്കേറ്റ 17പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എകരൂല്‍ ചൊരിയങ്ങല്‍ സിയാദ്, വെള്ളിപ്പറമ്പ് പാറക്കാമ്പലത്ത് അനില്‍കുമാര്‍ , ചേവായൂര്‍ കുരുങ്ങുമ്മല്‍ അരുണ്‍ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി എ മുഹമ്മദ് റിയാസ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ ബൈജു, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം വരുണ്‍ ഭാസ്കര്‍ , ഡി ബിജേഷ്, ജില്ലാകമ്മിറ്റി അംഗം സി എം ജംഷീര്‍ , കോട്ടൂളി കളംകൊല്ലിത്താഴം പിങ്കി പ്രമോദ് തുടങ്ങിയവര്‍ക്കും പരിക്കുണ്ട്. ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ എ പി ഭവിത, ഫോട്ടോഗ്രാഫര്‍മാരായ പ്രകാശ് കരിമ്പ (വീക്ഷണം), പി ജെ ഷെല്ലി (കേരളകൗമുദി), പി എന്‍ ശ്രീവത്സന്‍(മനോരമ), ജോണ്‍സണ്‍ വി ചെറിയത്ത് (മാധ്യമം), സി ബി പ്രദീപ് കുമാര്‍ (വര്‍ത്തമാനം), രാജേഷ് മേനോന്‍ (മംഗളം) എന്നിവര്‍ക്കും പരിക്കേറ്റു. സൗത്ത് അസി. കമീഷണര്‍ കെ ആര്‍ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ണൂര്‍ റോഡിലൂടെയുള്ള ഗതാഗതം സ്തംഭിപ്പിച്ചാണ് നരനായാട്ട് നടത്തിയത്. ഗുരുതരമായി പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലെത്തിക്കാതെ മണിക്കൂറുകളോളം ടൗണ്‍പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ചു.